ഇളം കാറ്റ്.

ഒരു കൈയിൽ കണ്ണട, മറുകൈയിൽ പത്രം. അച്ഛൻ വരാന്തയിലേക്ക് വന്നു. ഒറ്റമുണ്ട്, വെള്ള ബനിയൻ, ആവശ്യത്തിലധികം ഭസ്മക്കുറി. ആകെമൊത്തം ധവളാഭം. കണ്ണടയിട്ട് കസേരയിലിരുന്നു. എന്നിട്ട് പത്രത്തിന്റെ മേൽത്തലപ്പിലൂടെ മുറ്റത്തേക്ക് നോക്കി. അമ്മ പൂജയ്ക്ക് പൂപറിക്കുകയാണ്.

അച്ഛൻ : ഭവതി പൂപറിക്കുകയാണെന്ന് കണ്ടറിയുന്നു.

അമ്മ : ഹോംസിന്റെ നിരുപമമായ വീക്ഷണബുദ്ധിയെ ഇന്ന് വീണ്ടും ഞാൻ അഭിനന്ദിക്കുന്നു.

അച്ഛൻ : നന്ദി പറയേണ്ട ഈ അവസരത്തിൽ ഇങ്ങനെ ചൊല്ലുന്നത് ശരിതന്നെയോ എന്നറിയില്ല.

അമ്മ : ശരിയല്ല.

അച്ഛൻ : എങ്കിലും…, പത്രവും ചായയും. അതല്ലേ കേരളീയരുടെ മൗലികാവകാശം? പത്രവായനേന തേയിലപാനീയനേന എന്നല്ലേ ഗുരുവാക്യം.

അമ്മ : രാവിലെതന്നെ വേണോ ലോ-കീ ഗീർവാണം? ഭഗവാന് പുഷ്പ്പാർച്ചന, ശേഷം ഭർത്താവിന് ചായ.

അച്ഛൻ : ദൈവത്തിന് പൂകൊടുക്കാൻ വേറെ എത്രയോ മഹിളകൾ ഈ നാട്ടിലുണ്ട്. എനിക്ക് ചായ തരാൻ നീ മാത്രമല്ലേയുള്ളു.

അമ്മ : അറിഞ്ഞതിൽ വളരെ സന്തോഷം.

അച്ഛൻ : "ദാറ്റ് വാസ് എ ഗുഡ് വൺ".

(അച്ഛൻ വായന തുടരുന്നു. അമ്മ അകത്തേക്ക് പോകുന്നു.)


അച്ഛൻ : അതേ…

അമ്മ : ദാ വരുന്നു.

അച്ഛൻ : ചായ വേണ്ട. ഒന്നിങ്ങോട്ടു വരൂ.

(ഭയങ്കര നിശ്ശബ്‌ദത. പിന്നെ കാലൊച്ച.)

അമ്മ : "ചന്ദ്രനിലും ഗുരുത്വാകർഷണം, മലയാളിക്കിന്നു ചായ വേണ്ട", എന്നാണോ പ്രധാനവാർത്ത?

അച്ഛൻ (പത്രം നീട്ടികൊണ്ട് ) : ഹ്രസ്വഹാസ്യം മതിയാകൂ, എന്നിട്ടിത് നോക്കു. അറിയോ ഇയാളെ?

അമ്മ : ഇത്…

അച്ഛൻ : അതെ, നമ്മുടെ മോൻ തന്നെ.

അമ്മ : ഇവനെങ്ങനെ…

അച്ഛൻ : വായിക്കാം. കേട്ടോളൂ.

പാലക്കാട് : പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത പാലക്കാട്ടുകാരൻ പയ്യൻ അതീവ സുന്ദരനാണെങ്കിലും, മാതാപിതാക്കളുടെ സന്തോഷം ആഗ്രഹിക്കുന്നവനാണ്. സ്വന്തം ചിത്രം പത്രത്തിൽ കൊടുക്കാനുണ്ടായ സാഹചര്യം പയ്യൻ ലളിതമായി വിവരിക്കുന്നു. കഴിഞ്ഞാഴ്ച്ചയാണ് യൂണിവേഴ്സിറ്റി പരീക്ഷാഫലം വന്നത്. അതേ ആഴ്ചതന്നെയാണ് ചേച്ചിയുടെ റാങ്ക് വിവരവും, ഫോട്ടോയും പത്രത്തിൽ വന്നത്. ലഡ്ഡു ഭക്ഷിക്കുന്നതിനിടയിൽ പയ്യനേയും, പത്രത്തേയും, ചിത്രത്തെയും ഒരേവാക്യത്തിൽ അച്ഛനമ്മമാർ പ്രയോഗിച്ചു. പയ്യനിനിയും പല പരീക്ഷകൾ പാസാവാനിരിക്കുന്നതേയുള്ളു. എങ്കിലും അവരുടെ ആഗ്രഹസാഫല്യത്തിന് വേണ്ടി അല്പം പ്രയത്നിക്കണമെന്ന് പയ്യന് തോന്നി. അതിനുവേണ്ടി എന്നത്തേയുംപോലെ പയ്യൻ അമ്മയുടെ പേഴ്സിൽ നിന്നും അമ്മയറിയാതെ രൂപ കടം വാങ്ങി. അമ്മേ, അഭിപ്രായസ്വാതന്ത്രത്തിനിന്നു നമ്മുടെ നാട്ടിൽ വലിയ വിലകൊടുകേണ്ടതുണ്ടെന്ന് ഞാൻ മനസിലാക്കുന്നു. ഇനിയും കുറേ എഴുതണം എന്നുണ്ട്, പക്ഷേ ഫോട്ടോയുടെ വലിപ്പം കുറയ്‌ക്കേണ്ടിവരും എന്ന് ഈ ഉണ്ടക്കണ്ണൻ പറഞ്ഞത് കൊണ്ട് നിർത്തുന്നു . ഇൻക്വിലാബ്.

അമ്മ : ഇവന്റെ കാര്യത്തിൽ നമുക്ക് കുറച്ചുകൂടെ സൂക്ഷിക്കാമായിരുന്നു.

അച്ഛൻ : "പലാനാം പലവിധാനാം, ബഹ്വാനാം ബഹുവിധാനാം, അതിലൊരു വിധാനാം".