പടിപ്പുറത്തേക്ക് നോക്കിയാൽ കാണുന്നത് ടാർ റോഡാണ്. ഗ്രിഗോറിയൻ കലണ്ടറിൽ ഇന്ന് പുതുവത്സരം. ചിന്തകളടക്കാനാവാതെ പടിപുറത്തേക്കുനോക്കി ചാഞ്ഞുകിടന്നപ്പോൾ കണ്ടത് സ്കൂൾ കുട്ടികളെയാണ്. അവർ ഇന്നും യൂണിഫോം ധരിച്ചിരിക്കുന്നു. ഇന്നവധിയല്ലേ? ആത്മഗതത്തിൽ തന്നെ ഉത്തരവുമുണ്ട്. ഇളം നീല ഷർട്ടുകൾ. ട്രൗസറിന്റെയും ഫ്രോക്കിന്റെയും നിറം ഓർക്കുന്നില്ല. കുട്ടികൾ നടന്നു ചുമരിൽ അലിഞ്ഞു.
അവർക്കു പിന്നിൽ വന്നത് ഒരു മൂരിവണ്ടിയാണ്. ഒഴിഞ്ഞ വണ്ടി, വൃദ്ധൻ വണ്ടിക്കാരൻ. തൊട്ടുപിന്നാലെ രണ്ട് മൂന്ന് ആൺകുട്ടികൾ വേഗത്തിൽ നടക്കുന്നു. വണ്ടിയിൽ ചാടികേറിയിരുന്ന് പോകാനാണ് ശ്രമം എന്ന് മനസ്സിലായി. അവർക്കു കുറച്ചുപിന്നിലായി കൂട്ടത്തിൽ തന്നെയുള്ള രണ്ട് പെൺകുട്ടികളും ഒരാൺകുട്ടിയും മെല്ലെ നടന്നു വരുന്നു. അവനാണോ പഠിപ്പിസ്റ്റ് ?
മൂരി ചുമരിൽ മറഞ്ഞു. വൃദ്ധനും പോയി. പിള്ളേരും. ഓർമ്മ, അത് പഴയകാലത്തിന്റെ സമ്പാദ്യമാണ്. പതിഞ്ഞസമയത്ത് അതിനു മനസ്സിൽവലിയ പ്രാധാന്യമില്ല. പക്ഷേ ഇന്നു ഞാൻ മങ്ങിക്കണ്ട ആ പഴയചിത്രം. ഞാൻ അറിയാതെ ചിരിച്ചുപോയി.
ഞാൻ ചാടിക്കേറാൻ ശ്രമിച്ച മൂരിവണ്ടി എന്റെ മനസ്സിലേക്ക് വന്നു. ഓടുന്ന വണ്ടിയുടെ വേഗത്തിനൊപ്പം ചലിച്ച്, ആ ഉത്തമമുഹൂർത്തത്തിൽ പുറക്കോട്ടുതിരിഞ്ഞ്, കൈകൾ വണ്ടിയുടെ പലകയിലമർത്തിയൂന്നി, ഇടയിലൂടെ അൽപനേരം വായുവിൽ സഞ്ചരിച്ച് പിൻഭാഗം പലകയിൽ തട്ടിയപ്പോൾ മുന്നിൽ നടന്നകലുന്ന കൂട്ടുകാരുടെ മുഖത്തെ ചിരി എന്റേതുമായിരുന്നു.