തെരുവ് നായ എന്നുള്ളത് വളരെ ശക്തിയുള്ള ഒരു പദമാണ്. തെരുവ് നായ്ക്കളോ, ബലഹീനതയുടെ അടയാളവും.

എനിക്കിഷ്ടമല്ല എന്ന് പറഞ്ഞപ്പോൾ, ദേഷ്യവും പുച്ഛവും കലർത്തി എന്നെ നോക്കിയ കണ്ണുകളിലെ യുക്‌തി എന്താണെന്ന് മനസ്സിലായില്ല. പരിണാമസിദ്ധാന്തം കൊണ്ടോ, അല്ലെങ്കിൽ ദൈവത്തിന്റെ കുസൃതി കൊണ്ടോ, മനുഷ്യൻ മുകളിലും, നായ കീഴിലുമാണെന്നു എല്ലാ മനുഷ്യർക്കും അറിയാം. ഇതിനെ കുറിച്ചുള്ള നായ്ക്കളുടെ അഭിപ്രായം അറിയില്ല.

വീട്ടിൽ ബാക്കി വരുന്ന ഭക്ഷണം നായക്കൾക്ക് കൊടുക്കാത്ത സമൂഹത്തിനോട്, ലജ്ജ പ്രകടിപ്പിച്ച് പ്രസംഗിക്കുന്ന ഒരാളും, നായ്ക്ക് ഇഷ്ടപ്പെട്ട ഭക്ഷണം പാചകം ചെയ്‌തതായി കേട്ടിട്ടില്ല. മിച്ചകരുണയല്ലേ? സ്നേഹമല്ലല്ലോ നായയോട്.

ഭക്ഷണം ബാക്കി വരാത്ത ദിവസം നേരിട്ട് കണ്ട് നായയോട് ക്ഷമ ചോദിക്കുന്നുണ്ടോ? മഴയുള്ള ദിവസം നായയ്ക്ക് നീണ്ടുനിവർന്ന് കിടക്കാൻ പടി തുറന്ന് കൊടുക്കുന്നുണ്ടോ? വിഷുവിനും, ദീപാവലിക്കും, തിരഞ്ഞെടുപ്പ്‌ ഫലപ്രഖ്യാപനത്തിന്റെ അന്നും പടക്കം പൊട്ടിക്കാതിരിക്കുന്നുണ്ടോ? രാത്രിയുടെ മദ്ധ്യത്തിൽ, ഉറക്കത്തിന് ഭംഗം വരുത്തി നായക്കൾ തങ്ങളുടെ സുഹൃത്തിന്റെ കല്ല്യാണത്തിന് കൂട്ടകുരവയിടുമ്പോൾ, നായിന്റെ മോന്റെ വായിൽ തുണി കുത്തികേറ്റണമെന്ന് അഭിപ്രായപെട്ടിട്ടില്ലേ?

മിച്ചകരുണയല്ലേ? പിന്നെ എന്തിനീ മുഖംമൂടി പ്രസംഗം?