എന്താണ് നഷ്ടപ്പെട്ടതെന്ന് എനിക്കറിയില്ല. നഷ്ടങ്ങളെ ചിട്ടപ്പെടുത്തുവാൻ നമുക്കാവില്ല. നഷ്ടത്തിന് കനമുണ്ടെന്ന് മാത്രം അറിയാം, ആ കനമാണ് നമ്മൾ താങ്ങുന്നത്. നഷ്ടത്തിന് ഒരു രൂപസങ്കല്പം നൽകാമെങ്കിൽ അത് ഒരു ബുദ്ധിമാനായ വേതാളത്തിന്റേതാവണം. തോളിലിന്നുരുന്ന് അത് നമ്മുടെ ചെവിയിൽ കുസൃതികഥകൾ പറയുന്നു. അതിന്റെ ഉത്തരം ആലോചിച്ചു നമ്മൾ തല പുകയ്ക്കുന്നു.
എന്തിനും ഏതിനും അതിന്റേതായ ഒരു കാരണമുണ്ടെന്നു യുക്തിവാദികൾ പറയും. അവർക്ക് അത് മറ്റുള്ളവരെ കുറിച്ച് മാത്രമേ പറയാനാവൂ. സ്വന്തം കാര്യം വരുമ്പോൾ, കാരണം കണ്ണുകളിൽ തെളിഞ്ഞാലും, ഉൾമനസ്സിൽ മൂടൽമഞ്ഞാണ്. ലോകം അർത്ഥശൂന്യമാണെന്ന് അവർ അപ്പോൾ ഉറച്ചു വിശ്വസിക്കുന്നു.
നഷ്ടബോധം, ഐക്യൂ കുറഞ്ഞ ഒരു നല്ല നായാട്ടുകാരനെ പോലെയാണ്. എത്ര വട്ടം ആവർത്തിച്ച് പറഞ്ഞാലും ഉണ്മ തലയിൽ കേറില്ല, പക്ഷെ ഒരിക്കലും തെറ്റാത്ത ഉന്നത്തോടെ അയാൾ സമനിലയെ നിരന്തരം വേട്ടയാടുന്നു.