പതിവിനു വിപരീതമായി ഇന്ന് പയ്യൻ അതിരാവിലെ എണീറ്റു. സൂര്യനിനിയും റാന്തലിന്റെ തിരി പൊക്കിയിട്ടില്ല. പയ്യൻ തിരശീല നീക്കി പുറത്തോട്ട് നോക്കി ഞെളിഞ്ഞു. കൊയ്യാക്ക മരത്തിൽ ഇരുന്ന് ഉദയരവിചന്ദ്രിക രാഗത്തിൽ ഗീതം മൂളിക്കൊണ്ടിരുന്ന ഒരു കിളി ഇത് കണ്ടു. പക്ഷി ഉടനെ സ-പ-സ ചൊല്ലി വാർത്ത സൂര്യഭഗവാന്റെ ശിങ്കിടികളുടെ കാതിൽ ഓതി. കിരണങ്ങളുടെ പരക്കം പാച്ചിൽ. അപ്രതീക്ഷിത വാർത്ത കേട്ട് ആടിപ്പോയ ഭഗവാൻ ആറ് ഡിഗ്രി തെക്കോട്ടാണ് ഉദിച്ചത്.

വിശ്വവിഖ്യാതനായ സീനിയർ പയ്യൻ ശ്രീ വി.കെ.എൻ. ഏതോ കഥയിൽ പറഞ്ഞ പോലെ, ഒരാശയം ഓർക്കാപുറത്തുകയറി പയ്യനെ ബലാത്സംഗം ചെയ്‌തു.
(ആത്മഗതം) രണ്ട് സൂര്യനമസ്‌കാരമങ്ങു കാച്ചിക്കളയാം. യോഗപ്പായ എടുത്ത് വിരിക്കുന്നത്തിന്റെ സമാന്തരചിന്തയിൽ എം. എസ്. അമ്മയെ ഓർത്തു. പാട്ട് വയ്ക്കാനായി ഫോൺ തിരഞ്ഞപ്പോൾ, കുപ്പായത്തിന്റെ ജോപ്പിൽ തന്നെ ഉണ്ടായിരുന്നത് കൊണ്ട് പയ്യന് ഒരിക്കലും കണ്ടുപിടിക്കാൻ പറ്റിയില്ല. ഒരു ശിഥിലനിമിഷത്തേക്ക് പയ്യൻ ജീവിതത്തിലെ സുഖദുഃഖങ്ങളുടെ ജക്സ്റ്റപൊസിഷൻ എന്താണെന്ന് ആലോചിച്ചു. ഇന്നും ഉത്തരം കിട്ടിയില്ല. യാഥാർഥ്യത്തിലേക്ക് തിരിച്ചുവന്ന പയ്യൻ നിരാശയുടെ പിടിയിൽ നിന്നും യോഗപ്പായ നീട്ടി വിരിച്ചു. പായയുടെ ചുരുളഴിക്കാൻ പയ്യന് ഒന്നേ ദശാംശം ആറെ ഒന്നേ എട്ട് നിമിഷമേ വേണ്ടി വന്നുള്ളു. അതിനിടയിൽ താൻ പോലും അറിയാതെ പയ്യന്റെ നാഭിയിൽ നിന്നും അന്നവാഹി ബൈപ്പാസ് വഴി, ആനവണ്ടി തൊണ്ടയിലൂടെ, സഹാറൻ അധരങ്ങളിൽ ഒരു നിത്യയൗവന ഗാനം അലയടിച്ചു. പയ്യൻ പാടി:

" പാൽ വർണ്ണ പറവൈ കുളിപതർക്കാക,
പനി തുളിയെല്ലാം ശേഖരിപ്പേൻ…
(അകാരം)
ദേവതൈ കുളിത്ത തൂളികളൈ അള്ളി,
തീർത്ഥം എൻട്രേ നാൻ കുടിപ്പേൻ…"

ഈ സമയത്താണ് പയ്യന്റെ പിതാവ് കുളിമുറിയിൽ നിന്നും പൂജാമുറിയിലേക്ക് തോർത്തുമുണ്ടുടുത്ത് നടന്ന് വന്നത്. കേൾക്കാൻ ആഗ്രഹിച്ച പാട്ടലെന്ന് മാത്രമല്ല, ഇനി ഒരിക്കലും കേൾക്കാൻ ഇടവരുത്തല്ലേ എന്ന് ഭഗവതിമാരോടും ഇഷ്ടദൈവങ്ങളോടും കേണപേക്ഷിച്ചതുമായ മില്ലേനിയൽ മെലഡി. അമ്പലത്തിൽ ദീപാരാധനയ്‌ക്കു ശേഷം തിരുമേനിയുടെ കൈയിൽ നിന്നും തീർത്ഥം വാങ്ങിക്കുടിച്ച മുഖപ്രസാദത്തോടെ ഉദിച്ചു നിന്നിരുന്ന പയ്യനെ നഖശിഖാന്തം നോക്കുന്നതിനിടയിൽ, അവരുടെ കണ്ണുകൾ തമ്മിൽ കോർത്തു. അച്ഛൻ കണ്ണ് കയർത്തു, ഹേതുവെന്തെന്നറിയാതെ പയ്യൻ കണ്ണ് വിയർത്തു. പയ്യന്മാർ നേരത്തെ എഴുന്നേൽക്കുക എന്നുള്ളത് അച്ഛനമ്മമാരുടെ ജീവിതാഭിലാഷമാണെന്ന പരമാർത്ഥം ഉൾക്കൊണ്ട് പയ്യൻ മന്ദസ്മിതത്തോടെ ചൊല്ലി:

ഗുഡ് മാർണിങ് !

നാരായണ എന്ന് രണ്ടുതവണ അടുപ്പിച്ചു ഉരുവിട്ടുകൊണ്ട് അച്ഛൻ മുന്നോട്ട് നടന്നു. നാരായണമന്ത്രം കൺസെന്റ്, കർമ്മം ആമ; ഫലം മുയൽ എന്നീ ഗീതവാക്യങ്ങളെ ബുദ്ധിയിൽ താലോലിച്ച് പയ്യൻ ഗദ്ഗദം ചേർത്ത് തുടർന്ന് പാടി:

"അൺപേ അൺപേ കൊല്ലാതെ…
കണ്ണേ കണ്ണേ കിള്ളാതെ…
പെണ്ണേ പുണ്ണകൈയിൽ ഇദയത്തെ വെടിക്കാതെ…"

പ്രണാമം
ശ്വാസം അകത്തോട്ട് … ഒന്ന്
ശ്വാസം പുറത്തോട്ട് … രണ്ട്