മനസ്സിന്റെ സന്തുലിതയെ തകർക്കാൻ വിശപ്പിനു സാധിക്കും. ഇതല്ല, വേറെന്തോ എഴുതാനാണ് ഉദ്ദേശിച്ചത്.
മനസൊരു കുളമാണെന്ന് കരുതി. അതിലേക്കു നീട്ടി എറിഞ്ഞ ഒരു പരന്ന കല്ല് പോലെ ആശയം തെന്നി തെന്നി ദൂരെ മറയുന്നു. പക്ഷേ അതൊരിക്കലും അക്കരെയെത്തുന്നില്ല. ജലാശയത്തിനു നടുവിൽ ആശയത്തിന്റെ പയനം പര്യവസാനിക്കുന്നു. പിന്നീട് എപ്പോഴോ ഒരു പഴയ ഓർമ്മ കൊളുത്തിയ പുതിയ ആവേശത്തിൽ, ആ ജലാശയത്തിലേക്കു നാം എടുത്തു ചാടുന്നു. മുങ്ങി നീന്തി ആശയത്തെ പുറത്തു കൊണ്ടുവരാൻ ശ്രമിക്കുന്നു. നീന്തി നീന്തി കുളത്തിന്റെ നടുവിലെത്തുമ്പോൾ, അവിടെ ഒരു ആശയദ്വീപ്! ചെറിയ പരന്ന കല്ലുകൾ കൊണ്ട് രൂപപ്പെട്ടിരിക്കുന്ന ഒരു അതിശയദ്വീപ്. ഓരോ കല്ലിലും തന്റെ കയ്യൊപ്പ് പതിഞ്ഞിരിക്കുന്നു. അതുകണ്ട് ആദ്യം ഒന്ന് അന്ധാളിക്കുന്നു, ഞാൻ താൻ തന്നെയോ ഇത് എന്ന് ചിന്തിച്ച് ഉറ്റുനോക്കുന്നു. വലിച്ചെറിഞ്ഞ ആശയങ്ങളുടെ ഇടയിൽ നിന്നും ഒരു ചെറുപുളകം കുളിർപ്രവാഹത്തിലൂടെ തന്നെ തലോടുന്നു. മന്ദഹാസപുഞ്ചിരി ചുണ്ടിൽ വ്യാപിക്കുന്നു. സ്വാഭിമാനം രോമാഞ്ചമണിയിക്കുന്നു. ആശയത്തെ വീണ്ടും ഉപേക്ഷിച്ച്, വികാരം മാത്രം ഉൾക്കൊണ്ട് ഉപരിതലത്തിലേക്ക് ഉദിച്ചുയരുന്നു. വിടർന്ന ചുണ്ടുകളിലൂടെ ഒരു ചോദ്യം, ഇനി എന്ത്?
ഇതല്ല, വേറെന്തോ എഴുതാനാണ് ഉദ്ദേശിച്ചത്. എന്തായാലും അടുക്കള വരെ ഒന്ന് പോയി നോക്കാം.