യാത്രയുടെ തുടക്കത്തിൽ എവിടെയെങ്കിലും ഒന്ന് തേങ്ങയുടയ്ക്കണം എന്ന് തോന്നി. സ്വീകൃത യാദവകുല മുരളീഗാന വിനോദ മോഹനകര. പഠെ! അവിടെ തന്നെ ഉടച്ചു നാളികേരം. കർപ്പൂരവും കത്തിച്ചു. കുറച്ചുനേരം ഗമധനിസ-യിൽ വട്ടത്തിരിഞ്ഞു. പിന്നെ നിമ്നോന്നതമായ ആ സ്വരങ്ങളിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ഒരു തേങ്ങാപ്പൂളെടുത്ത് കീശയിലിട്ടു. സന്തോഷായി. നേരെ വിട്ടു വടക്കോട്ട്.

ആര്യവർത്തത്തിന്റെ ചരിത്രത്തെപ്പറ്റി ആലോചിച്ചു. ആരൊക്കയോ വരുണു. എവിടോയെക്കൊയോ പോണു. ഉള്ളതിനെ പൊളിക്കുന്നു. പുതിയത് പണിയുന്നു. സങ്കൽപ്പത്തിന് ഒറ്റപ്പേര് മതിയെന്ന് വാദിക്കുന്നു. ആ പേരിൽ ചറപറാ ഹിംസിക്കുന്നു. അതിന്റെ ഇടയിൽ, ഹൈ! മാൽകോൺസ് അല്ലേ ആ കേൾക്കുന്നത്. കുറച്ചുനേരം ഗമധനിസ-യിൽ വട്ടത്തിരിഞ്ഞു. സംഗീതമെങ്കിലും രക്ഷപെട്ടല്ലോ എന്ന് കരുതി ഗുരുക്കന്മാർക്ക് മനസ്സിൽ മുറുക്കാൻ മേടിച്ചുകൊടുത്ത് നേരെ തെക്കോട്ട് തീവണ്ടി പിടിച്ചു. ജനലിന്റെ അരികിൽ ഇരുന്നു കാറ്റുകൊണ്ട് ഉറങ്ങി.

ചുറ്റും പല ഉപകരണങ്ങൾ ചിലയ്ക്കുന്നു. മനസ്സിനെ നാല് അശ്വിനികൾ നാലുഭാഗത്തേക്ക് വലിക്കുന്നു.
എന്റെ കൈകാലുകൾ വിടൂ. നിങ്ങൾക്കെന്ത് വേണം പറയൂ.!
നിന്റെ സമയം. അതാണ് ഞങ്ങൾക്ക് വേണ്ടത്.
കടവുളേ, കാലനാണല്ലോ കാലം ചോദിച്ച് കാലുപിടിച്ചു വലിക്കുന്നത്. പക്ഷെ എവിടെയോ ഒരു പരിചയം. ഓ, കാലനല്ല, വിശപ്പാണ്. ചിന്തകൾക്ക് ഭക്ഷണം വേണം. ഉപകരണങ്ങൾ കയ്യിലെടുത്തു. എവിടെയൊക്കെയോ കയറി വാരി വലിച്ചു തിന്നു. മനസ്സിന്റെ ഭക്ഷണരീതിയിൽ ചിട്ടവരുത്തേണ്ടതിനെ കുറിച്ച് അദൃശ്യവൈദ്യന്മാർ ആഞ്ഞുപദേശിച്ചതിനെകുറിച്ചോർത്തു. 'ഹെൽത്തി' എന്ന് പേരുള്ള ഒരുതരം ഭക്ഷണം മാത്രമേ തിന്നാവൂത്രേ. മധുരമത്രെയും ഒഴിവാക്കണം. പക്ഷേ ഈ മനസ്സിന് ഇനിയും ഹെൽത്തിയാവാൻ സാധിച്ചിട്ടില്ല. ഭഗീരഥേട്ടനെ ഒന്ന് പ്രസംശിച്ചു. രുചിയുള്ള, വറുത്തുപൊരിച്ച, പൊരിച്ചുമൊരിച്ച, പഞ്ചസാരതൈലത്തിൽ മുക്കിയ ഇത്രയധികം വസ്തുക്കൾ ചുറ്റും മീഡിയകണക്കെ നിറഞ്ഞുനിൽക്കേ, ആർത്തിയെ ബന്ധിക്കേണ്ടതുണ്ടോ? ചോദ്യം തന്നോടുതന്നെ. പക്ഷേ, അങ്ങനെ ലോഭങ്ങളെ പൂട്ടിയ ആളുകൾ പുസ്തകങ്ങളെഴുതുന്നുവെത്രെ. പടി പടിയായുള്ള ഉപദേശങ്ങൾ നിറഞ്ഞ ഒരു മുത്തുച്ചിപ്പി. ഈ പുസ്തകം വായിച്ചാൽ സ്വയം സഹായിക്കാൻ പറ്റുമെത്രെ. ഭഗീരഥേട്ടനെ വീണ്ടും പ്രസംശിച്ചു. ങ്ഹാ, എന്തായാലും ഈ വരുന്ന തിങ്കളാഴ്ച്ച തുടങ്ങാം.

ദാ, ഒരു നിശാശലഭം. എവിടെ? പോയോ? പോയി.
അതെന്താ അവിടെ? മലയുടെ മുകളിൽ.
അത് ചന്ദ്രൻ.
അയാൾക്കെന്താ അവിടെ കാര്യം?
നക്ഷത്രങ്ങളെ കൂട്ടി ഭൂമിയോട് യുദ്ധത്തിന് വന്നതാണെത്രെ.
എന്നിട്ടെന്താ ഒന്നും നടക്കാത്തത് ?
ഇപ്പോൾ സീസ്‌ഫയറാണ് വെടിനിരോധനം. ചർച്ചനടന്നുകൊണ്ടിരിക്കുകയാണ്
സൂര്യനാണ് വിഭീഷണന്റെ റോൾ.
അയാൾ ഈ പണിക്ക് പറ്റുമോ? കടലിൽ പാലമിട്ടാൽ, കടക്കുന്നത് വരെ രാമായണാ, പിന്നെ തേരാപാരായണാന്നാണ്.
ങ്ഹേ? ഞാൻ കേട്ടിട്ടുള്ളത് പാലം കടക്കുന്നത് വരെ രാമാ, കടന്നാൽ നീ പോമാന്നാണ്.
അതെന്തായാലും വേണ്ടില്ല, സംഭവം രാത്രിയായാൽ അയാൾ ചന്ദ്രന്റെ കൂടെയാണ്.
അതൊക്കെ മൂപ്പരുടെ വെറും തരികിടയല്ലേ. ഭൂമിയെയാണയാൾക്കിഷ്ടം. നീ നോക്കിക്കോ, അവസാനം ചന്ദ്രൻ ശശിയാവും, അല്ലെങ്കിൽ സോമൻ, തീർച്ച!
യുദ്ധം അപ്പൊ തീരൊ ?
ഏഹ്, യുദ്ധം എപ്പോഴും ഉണ്ടാവും. ഇഷ്ടപ്പടിക്ക്! ഇവരെല്ലാവരും കൂടി നമ്മളെയിട്ട് ഇങ്ങനെ കറക്കും അത്രതന്നെ.

ഇഷ്ടപ്പടിക്കോ? ഇതെവിടെയോ കേട്ടിട്ടുണ്ടല്ലോ. ദാ പാലക്കാട്. സുൽത്താൻപേട്ട ജംഗ്ഷൻ എത്തിയപ്പോൾ, വട്ടവും നോക്കി വരുംവരായ്കളുടെ ജക്സ്റ്റപൊസിഷൻ എന്താന്നെന്നോർത്ത് അമ്പരന്ന് നിന്ന പയ്യൻ വട്ടം ചുവപ്പിൽ നിന്നും ആംബർ ആയതറിഞ്ഞില്ല. പോലീസ്‌കാരൻ വാചാലനായി. പിന്നൊന്നും നോക്കിയില്ല. റോങ്ങ്ട്ടേണിൽ നേരെ ഹരിഹരപുത്രക്ക് വിട്ടു. ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കും എന്ന് പാർത്ഥസാരഥി പറഞ്ഞപ്പോൾ മൂപ്പർക്ക് വിശന്നു കാഞ്ഞിട്ടുണ്ടാവണം.

എന്താ ഏട്ടാ, സൂആംതന്നെ?
ഓ!
ദോശണ്ടാ?
ഇല്ല, റോസ്റ്റേയുളളൂ
വേറെന്താള്ള? സേവ, വട, ഇലയട, ഇട്ട്ളി, പൊറോട്ട, ചപ്പാത്തി, ഭൂരി
ഭൂരി മതി, 3 എണ്ണം.
കാത്തിരുന്നു. നല്ല ഭുസ്‌ക്ന്നുള്ള മൂന്ന് ഭൂരി വന്നു. ഭൂരി കരുണാകാര എന്ന് സ്വാതിയേട്ടൻ പാടിയതിന്റെ സംഗതി ഇപ്പൊ പിടികിട്ടി. ഭൂരിയുടെ പെരടികുറ്റിക്ക് നോക്കി ഒരു കുത്തുകുത്തി. കാറ്റ് പൊസ്ക്ക്ന്ന് പോയി. ഹിംസിച്ച പാപം ഭക്ഷിച്ചാൽ തീരും എന്ന ദാർശനികതയിൽ മസാൽ കൂട്ടി വലിച്ചുവാരി കഴിച്ചു. ഏട്ടൻ പിന്നേം വന്നു.

കാപ്പിട്ടോളിൻ. ശക്തൻ. പൻസാര വേണ്ട.
കാപ്പി ആറ്റി ആറ്റി കുടിച്ചു.

<എട്ടനുമായുള്ള ഗീർവാണം ഇവിടെ എഴുതാൻ ഒരു ഓർമപ്പെടുത്തൽ ഭാവിയിലേക്ക് രേഖപ്പെടുത്തി>

കടയിൽനിന്നിറങ്ങി. തത്തക്ക പിത്തക്ക നടന്നു. ഭയങ്കര സീണം. ഒന്ന് കിടക്കണം. അടുത്തുള്ള ഒരു വലിയ അമ്പലത്തിന്റെ കൽത്തിണ്ണയിൽ കിടന്നുറങ്ങി. ഉള്ളിൽ കയറിയില്ല. അശുദ്ധമാക്കേണ്ടെന്ന് മനസ്സ് സ്വയം തീരുമാനിച്ചു. പെട്ടെന്നെണീറ്റു. ഒരു അടുക്കും ചിട്ടയുമില്ല. വേറെവിടെയോ ആണല്ലോ നിന്നിരുന്നത്. ങ്ഹാ, മലമുകളിൽ, ഭൂമിയും, ചന്ദ്രനും, സൂര്യനും. യുദ്ധം. അല്ലെങ്കിൽ യുദ്ധം വേണ്ട. എന്നാ കടൽക്കരയിലേക്കു പോകാം. തീരത്തൂടെ നടക്കാം. ചക്രവാളത്തിന്റെ സ്ട്രക്ച്ചർ കണ്ടാസ്വദിക്കാം. ചാറ്റൽ മഴയുണ്ടാവും. നന്നായിരിക്കും.

ങ്ഹേ, ഒറ്റയ്ക്കോ ? മഴയത്ത് പ്രേമിക്കാൻ ആരെങ്കിലും കൂടെ വേണ്ടേ?
അതിനല്ലേ പഴയ കാമുകിമാർ.
കൊണ്ടുവന്നിട്ടുണ്ടോ?
ഓ. എപ്പോഴും കൂടെയുണ്ട്.

കൈകോർത്ത് നടക്കാം. ഓട്ടപ്പന്തയം വയ്ക്കാം. മുടിയിൽ പിടിച്ചുവലിക്കാം. തോളിൽ കയ്യിട്ടു ചെവിയിൽ ഉഫ്ന്നു കാറ്റൂതാം. അങ്ങനെയൊക്കെ സ്നേഹം പ്രകടിപ്പിക്കാം. പിന്നെ കവിത ചൊല്ലി ബുദ്ധിമുട്ടിക്കാം. അയ്യോ, കവിത മുട്ടുന്നു.

എഴുതാൻ വാഞ്ഛ!
പക്ഷേ, എന്റെ പേനക്ക് നീരിളക്കം വരുന്നില്ല.
നളിനി, നളിനകാന്തി, മായാമോഹിനി
മലയാളപദങ്ങളെ,
നിങ്ങളെ മോചിപ്പിക്കാൻ,
എന്നെ ആശ്വസിപ്പിക്കാൻ,
എനിക്കാശ്രയിക്കാൻ,
ആശയങ്ങളെവിടെ?
അശ്വാരൂഢസാഹിത്യയോദ്ധാക്കളെ,
ഗുരുക്കന്മാരെ,
അതികായരെ, എന്റെ അതിഥികളെ,
സരസസരസനായ ഈ പയ്യനെ സഹായിക്കൂ,
അനുഗ്രഹിക്കൂ,
എനിക്കെഴുതാൻ വാഞ്ഛ.

ഹാവൂ, ഒരു സുഖമുണ്ടിപ്പോൾ. ഇനി തിരിച്ചു പോകാം. ശിരോസ്‌ഥിക്കുള്ളിൽ വിശ്രമിക്കാം. വന്ന വഴി തിരിച്ചുനടന്നപ്പോൾ കുറച്ചു തേങ്ങാപ്പൂളുക്കൾ ചിതറി കിടക്കുന്നതു കണ്ടു. ഒന്നെടുത്തപ്പോൾ അതിലെന്തോ വരപ്പെടുത്തിയിരിക്കുന്നു. 'ഗ'. തൊട്ടടുത്തതിൽ 'മ'. പിന്നെ അടുത്തതിൽ 'ധ', പിന്നെ 'നി'. എല്ലാം ചേർത്തി വച്ച് വായിച്ചു. എന്തോ ഒരു കുറവ് സ്പഷ്ടം. ചുറ്റും പരതി, ആകാശത്തേക്ക് നോക്കി, ങ്ഹേ.. കിട്ടിയില്ല. പെട്ടെന്ന് ഉള്ളിലേക്ക് നോക്കി. സ്വന്തം പോക്കറ്റിന്റെയുള്ളിൽ. 'സ' കിട്ടി. അതിനെ പൊട്ടിച്ചു. ചെറിയ കഷണം ഇടതുഭാഗത്തും വലുത് വലത്തും വച്ചു. എന്നിട്ടു ചേർത്ത് തിരിച്ചും മറിച്ചും പാടിക്കൊണ്ട് നടന്നു.

സ ഗ മ ധ നി സ
സ നി ധ മ ഗ സുഭം.