ആ… വല്യമ്മേ!

ആരാ?

ഞാനാ പയ്യൻ.

ഏത് പയ്യൻ?

എൻ ആർ ഐ പയ്യൻ

അതാരാ?

ഞാനാ വല്യമ്മേ, ഡെസ്സിക്കേറ്റഡ് കോകോനട്ട്.

ആഹ്… പറ മോനേ, എന്തൊക്കെയുണ്ട് വിശേഷം?

അല്ല, ഒരു ചെറിയ അപ്ഡേറ്റ് ഉണ്ട്.

എന്താത് ?

എനിക്ക് ബ്യാടി സെറ്റായി.

ബാടിയോ, നിനക്കോ?

ബാടിയല്ല വല്യമ്മേ. ബ്യാടി. ചിക്ക്. കാമുകി. പ്രേമഭാജനം.

അതുശരി, കൊടുകൈ!

താൻഗ്യു വല്യമ്മേ.

സെർട്ടിഫൈഡ് ആണോ?

അതെ വല്യമ്മേ. 9/10.

പത്തുശതമാനം മാഗ്പൈക്കോ.

ബർമിംഗ്ഹമിലാണ് പഠിച്ചത്

വേറെ കുഴപ്പങ്ങളെന്തെങ്കിലും ?

ഇല്ല്യ, തനി മദിരാക്ഷി.

അപ്പോൾ മലയാളം ?

മദിരാസിയല്ല വല്യമ്മേ.
മതിമോഹനശുഭനർത്തനമാടുന്നയീ മഹിത
മമ മുന്നിൽ നിന്ന മലയാള കവിത.

കാഞ്ചനകാഞ്ചി കുലുക്കിക്കുലുക്കിയാണോ മുന്നിൽ വന്നത്?

അതെ വല്യമ്മേ! വന്നപാടെ ഒരു ചോദ്യം.

എന്താരാഞ്ഞു?

(നിശബ്ദത, പരമാവധി നിശബ്ദത)
.
.
.
നിങ്ങൾ മലയാളിയാണോ?
.
.
.
(നിശബ്ദത, പരമാവധി നിശബ്ദത)

സ്വസ്തി. നിന്റെ കണ്ണുകളിലെ അപ്പോഴത്തെ വെള്ളപൊക്കം ഞാനൊന്നൂഹിച്ചോട്ടെ? അനശ്വര പ്രേമകഥകൾ നമ്മളിതിനുമുൻപും കേട്ടിട്ടില്ലേ? മൈത്രേയി യജ്ഞവൽക്കനോടും, ജാനകി രമണനോടും, സത്യഭാമ സൂത്രധാരനോടും, സാറാമ്മ കേശവൻനായരോടും ചോദിച്ചത് 'നിങ്ങൾ മലയാളിയാണോ' എന്നല്ലേ?. ചരിത്രാവർത്തനത്തിൽ വിരസതകണ്ടെത്താനാവില്ല പയ്യൻ.

പരമാർത്ഥത്തിന്റെ താരാട്ട് വല്യമ്മേ, പക്ഷെ എനിക്കുറക്കം വരുന്നില്ല.

എന്നിട്ട് നീ എന്ത് പറഞ്ഞു?

അതെ, ഞാൻ തന്നെ മലയാളി, എന്ന് പറയുന്നതിൽ ശകലം ശുംഭത്തരം കളിയാടുന്നല്ലോ വല്യമ്മേ. അവൾ അത് എങ്ങനെയോ തിരിച്ചറിഞ്ഞുകഴിഞ്ഞിരിക്കുന്നു. അവളുടെ ഞരമ്പുകളിൽ ഉടനെ ചോര തിളപ്പിക്കേണ്ടത് നിമിഷധർമ്മാണ്ണെന്ന് എന്റെ ഷഷ്ഠേന്ദ്രിയം വിശദീകരിച്ചു. ഉൾകീശയിൽ നിന്നും ഞാൻ കരുതിവച്ചിരുന്ന 'റിസ്സ്' പുറത്തെടുത്ത് നാലായിതുറന്നു. എന്നിട്ടിങ്ങനെ മൊഴിഞ്ഞു.

തനികൈരളീരക്തമാംസനിബദ്ധവിഗ്രഹസാക്ഷാത്കാരം

ബ്യാടിയുടെ കാലൊന്ന് പതറി. എന്റെ കണ്ണുകളിലെ വെള്ളപൊക്കം അവൾ തെല്ലുനേരത്തേക്ക് കടമെടുത്തു. ജീവിതത്തിൽ സുഖദുഃഖങ്ങളുടെ ജക്സ്റ്റപൊസിഷൻ എന്താണെന്നറിയാൻ നാലർദ്ധനിമീലിതാക്ഷികൾ തലങ്ങും വിലങ്ങും തിരഞ്ഞു. തമ്മിലെ അന്തരം അജഗജാന്തരമല്ലെന്ന് മനസ്സിലാക്കിത്തുടങ്ങിയ ഞങ്ങളുടെ ഹൃദയങ്ങൾ ഝംഝനനാദത്തോടെ മിടിച്ചുതുടങ്ങി. ചുണ്ടുകൾ മിണ്ടിത്തുടങ്ങി. പദങ്ങൾ ഉണർന്നു. പാദങ്ങൾ ചലിച്ചു.

ഏതായിരുന്നു ക്ലബ് ?

സ്ത്രമാഷ്, വല്യമ്മേ.

സബാഷ്

കുട്ടിയുടെ ഗോ-ട്ടു?

ഇനിസ്സ് ആൻഡ് ഗൺ ലാഗാ

അവസാനം വരെയും?

അല്ല വല്യമ്മേ. ഇടയ്ക്കെവിടെയോ വച്ച് സ്‌പൈസ്‌ഡ്‌ റം വിത്ത് ജിഞ്ചർ യേലിലേക്ക് മാറുന്നു.

ക്യൂറിയോസേർ, കണ്ടമാനം ക്യൂറിയോസേർ.
നീ ഇപ്പോഴും ഗിന്നസ്സ് തന്നെ?

ഹിഹി

ങ്ഹാ, എന്നിട്ട് ?

നൃത്തസർഗ്ഗപ്രക്രിയയിൽ ഞങ്ങൾ തകർത്താടി. വീ വിൽ റോക്ക് യൂവിൽ തുടങ്ങി, ലോ ലോ ലോ ലോ ലോ വരയ്ക്കും ഞങ്ങൾ അനർഗ്ഗളം ഒഴുകിയാടിത്തിമിർത്തു. അവസാനം, വൺ കിസ്സ് ഈസ് ഓൾ ഇറ്റ് ടേയ്ക്സിൽ ഞങ്ങളുടെ തലയൊന്ന് കൂട്ടിമുട്ടി. പിന്നെ…, ഓർമ്മകൾ തീവണ്ടിയിൽ പച്ചക്കൊടി കാണിക്കുന്ന വെള്ളവസ്ത്രധാരിയെപ്പോലെ ദൂരെ മറഞ്ഞു. X എന്ന ചിഹ്നവും. രാവിലെ അവളുടെ ഫോണിൽ കുക്കുടം കൊഞ്ചുന്നത് കേട്ടാണുണർന്നത്. എന്റെ ഫോൺ ഇന്നലെ രാത്രിതന്നെ ചത്തിരുന്നു വല്യമ്മേ.

നിന്റെ പരാജയങ്ങളെ ഇങ്ങനെ നഗ്നസത്യങ്ങളായി വിളിച്ചുപറയാതിരിക്കൂ പയ്യൻ. നിലനിൽപ്പ് തന്നെ പഴയകാല വ്യക്തിത്വത്തിന്റെ അവശിഷ്ടങ്ങളല്ലേ? റീചാർജ് ചെയ്താൽ വീണ്ടും ഉപയോഗിക്കാവുന്നതല്ലേ ഉള്ളൂ?

ആട്ടെ, കുട്ടിയേതാ മതം ?

സയൻസ്സ്, വല്യമ്മേ.

നമ്മുടെ ജാതിയാണോ ?

അല്ല, വല്യമ്മേ, നാച്ചുറൽ സയൻസ്സാണ്. ഭൗതികശാസ്ത്രം.

ഓഹോ, ഭേഷ്!

ശേഷം കണ്ടിരുന്നോ ?

നാളെ വീണ്ടും വല്യമ്മേ.

എന്താ സ്പെഷ്യൽ ?

വോൾട്ടർ ലൂയിൻന്റെ "ഫോർ ദി ലവ് ഓഫ് ഫിസിക്സ്" ലെക്ചർ, ആൻഡ് ചിൽ

അവളുടെ പ്രേരണ?

ഓ.

എന്താ നിന്റെ?

മുരിങ്ങക്കായ സാമ്പാർ, കാരറ്റ്-ബീൻസ് ഉപ്പേരി, പരിപ്പും നെയ്യും, പപ്പടം, ചോറ്.

തേങ്ങ അരച്ചുചേർത്താണോ ?

അല്ല വല്യമ്മേ, ഡെസ്സിക്കേറ്റഡ് കോകോനട്ട്.

ഹഹഹഹ്ഹഹ്ഹ. എന്നാ ശെരി, സീരിയൽ സമയമായി.

സീരിയലേതാ വല്യമ്മേ ?

അറ്റൻബറോന്റെ "ആർ പ്ലാനറ്റ്". സീസൺ 2, എപ്പിസോഡ് 3.

നൈസ്. വല്യച്ഛൻ ?

ചായ ഉണ്ടാക്കാൻ പോയതാണ്, ദാ വരുന്നുണ്ട്. സെ നമസ്‌തെ.

ഹലോ മിസ്റ്റർ വല്യച്ഛൻ.

(പിന്നണിയിൽ വല്യച്ഛൻ വല്യമ്മയോട്‌ ആരാണെന്ന് ചോദിക്കുന്നു. ഡെസ്സിക്കേറ്റഡ് കോകോനട്ട് പയ്യനാണെന്ന് വല്യമ്മ വാക്ക് നൽകുന്നു)

ഹലോ പയ്യൻ, എന്താണ് വിശേഷം?

എനിക്ക് ബ്യാടി സെറ്റായി വല്യച്ഛൻ.

ബാടിയോ, നിനക്കോ?

ബാടിയല്ല. ബ്യാടി. ചിക്ക്. കാമുകി. പ്രേമഭാജനം.

ശുഭം