അസതോമ സദ് ഗമയാ എന്നാണ് ആദ്യ വരി വായിച്ചപ്പോൾ ൻറ്റെ മനസ്സിൽ തോന്നിയത്. ഒരീസം രാവിലെ ഗ്രിഗർ സാംസ സ്വന്തം കിടക്കയിൽ ഒരു കൂറാനായി രൂപാന്തരപ്രാപ്തികൊണ്ടു. രാത്രി ചാച്ചാൻ പോയപ്പോൾ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ലത്രേ. കാഫ്കയെ സൂക്ഷിക്കണം എന്ന് മനസ്സിൽ കുറിച്ചാണ് പുസ്തകം കമിഴ്ത്തി ഉറങ്ങാൻ കിടന്നത്.

രാവിലെയായീന്ന് മുട്ടിയപ്പോൾ മനസ്സിലായി. ആദ്യം മൂക്കൊന്ന് ചൊറിഞ്ഞു. പിന്നെ പുതപ്പിന്റെ മേലെ കാളിയമർദ്ദനം. സ്വിച്ചിട്ട് വെളിച്ചത്തിനെ തുറന്ന് വിട്ടു. കൂസലൊന്നുമില്ലാതെ കൂസിലേക്ക് നടന്നു. സീറ്റ് ഉയർത്തി, തുണി താഴ്ത്തി. ങ്ഹേ!
.
.
കാണാനില്ല, സാധനം കാണാനില്ല!
.
.
തപ്പി നോക്കി, തടവി നോക്കി. ഇല്ല, സത്യം. ഒന്ന് പാദഹസ്താസനം ചെയ്തു - ഉറപ്പിച്ചുന്നങ്ങട് ഉറപ്പു വരുത്താൻ. കണ്ടില്ല. പതറി, ശെരിക്കും പതറി. ഒരു പത്തരമാറ്റ് പതറൽ. പാലപ്പൂവിന്റെ ഗന്ധവുമായി ഒരു പാലക്കാടൻ കാറ്റ് എവിടെനിന്നോ ഒരു ഉപമയുമായി പറന്നെത്തി. ആ ശിഥില നിമിഷത്തിൽ ജീവിതത്തിന്റെ സുഖദുഃഖങ്ങളുടെ ജക്സ്റ്റപൊസിഷൻ എന്താണെന്നാലോചിച്ചു. കിട്ടിയില്ല. ഇതുവരെയുള്ള ജീവിതത്തിന്റെ കർമ്മബന്ധങ്ങളെല്ലാം പെട്ടെന്നറ്റുപോയതുപോലെ തോന്നി.

കൈ തലയിൽ വച്ചതെപ്പോഴാണെന്നോർമ്മയില്ല. അങ്ങനെ തന്നെ തിരിഞ്ഞു മുറിയില്ലേക്ക് നടന്നു. ചവിട്ടികൂട്ടിയ പുതപ്പാണ് ആദ്യം വലിച്ചുനോക്കിയത്. കോസറി മുഴുവൻ തലോടി, തപ്പി നോക്കി, തടവി നോക്കി. ങ്ഹേ ഹേ. തലേണയുടെയടിയിൽ നോക്കി. ശൂന്യം. കസേരയിലില്ല. കുളിമുറിയിൽ ഒന്ന് നോക്കി, ഇല്ല. തിരുമ്പാനുള്ള തുണികൾ ഇട്ടിരിക്കുന്ന വട്ടി കണ്ടു. ചിന്തകളിൽ ഒരു വെള്ളിവര. കീടത്തെ ചികയുന്ന പെട കോഴിയെ പോലെ വസ്ത്രങ്ങളോരോന്നായി എറിഞ്ഞു. കൗപീനങ്ങളോരോന്നും കുടഞ്ഞു. എങ്ങുമില്ല. വട്ടി കമിഴ്ത്തി. ശൂന്യാദിശൂന്യം. ഇനി എന്ത്? ശരീരഭാരം കുറഞ്ഞപ്പോൾ ദുഃഖഭാരം കൂടുന്നു. ആകെ ഒരു ഇരുട്ട്. തമസോമാ ജ്യോതിർ ഗമയ, പ്ളീസ്.

ഒന്ന് കണ്ണടച്ച് ശ്വാസം വലിച്ചു. ഒരു നിഴലാട്ടം പോലെ അവളുടെ മുഖം. ഉടനെ അവളെ വിളിച്ചു, വീണ്ടും വിളിച്ചു, വീണ്ടും, വീണ്ടും വിളിച്ചു.

"ഹലോ."

അസഭ്യാദികൾ അവൾ വർഷിക്കുന്നതിന്മുൻപേ ഞാൻ സംഗതി രണ്ടര ശ്വാസത്തിൽ പറഞ്ഞുമുഴുമിച്ചു. പക്ഷേ, രണ്ട് ആംഗലേയവാക്കുകളിൽ അവൾ ഇംഗിതം അറിയിച്ചു.

ഞാൻ വീണ്ടും വിളിച്ചു. വീണ്ടും, വീണ്ടും വിളിച്ചു.

"നിന്റെ സമയം അടുത്തിരിക്കുന്നു പയ്യൻ."

"അരുതേ! ബന്ധം നീ മുറിക്കരുതേ! സുകൃതിനി, കൃശഗാത്രി, കമലനയനെ, നിന്റെ കരിമ്പടം ഒന്ന് കുടഞ്ഞുനോക്കു. അല്ലെങ്കിൽ വേണ്ട, അലക്ക് വട്ടിയിൽ ഒന്ന് കണ്ണോടിക്കൂ. സാധ്യതയുണ്ടുണ്ടാവാൻ. നഷ്ടപ്പത്തിന്റെ വില നിന്നോട് ഞാൻ അതിശയോക്തിചേർത്തിപറയേണ്ട കാര്യമില്ലല്ലോ."

കൃശഗാത്രി എന്നുവിളിച്ചത്തിൽ അവളുടെ കവിളുകൾ ചുവന്ന് തുടുത്തിട്ടുണ്ടാവണം. കുറച്ച് നിശബ്ദത അവളെനിക്ക് സമ്മാനിച്ചു. അവളുടെ ചെറുചലനങ്ങൾ മാത്രം അപ്പുറത്ത്. ശേഷം ഒരു വാക്ക്. ബന്ധം വീണ്ടും മുറിഞ്ഞു. ഇന്നിവിടെ പയ്യൻ തോൽക്കുകയാണ്.
ഒന്നിരുന്നു. ഇനി എന്ത്? എന്തെന്ത്? മൃത്യോമ അമൃതം ഗമയക്കുള്ള സമയമായോ?

അവളെന്റെ, അല്ലെങ്കിൽ വേണ്ട, ഇവളെന്റെ ഓർമകളിൽ താമസമാക്കിട്ടിപ്പെത്ര കാലായി? ഒരു കത്തിലൂടെ അനാവരണം ചെയ്യപ്പെട്ടതാണീബന്ധം. കളിയാക്കലാണ് അവളുടെ ശ്രുതി. ചെറുപ്പത്തിൽ തന്നെ കുറെ വായിച്ചുകൂട്ടിട്ടിണ്ട്. ആ കാര്യത്തിലൊരസൂയ ബാക്കി നിൽക്കുന്നു. പണ്ട് മുഖ്യമന്ത്രിക്ക് ഇവൾ ഊമകത്തയച്ചിരുന്നു. കത്തിൽ ഒന്നും പറഞ്ഞില്ല. കുറച്ച് ആംഗ്യങ്ങൾ മാത്രം. രാവിലെ ഓടാൻ പോയിരുന്നു പയ്യൻ. ചീറിപായ്യുന്ന എസ്കോർട്ട് വാഹനകൾക്ക് നടുവിൽ നിന്ന് ഒരു വെള്ള കാറിന്റെ ജനലിലൂടെ ചുരുട്ടികൂട്ടിയ ഒരു കടലാസ്സ് പയ്യന്റെ മുഖത്ത് വന്ന് വീണു.

"കള്ള ഞാഞ്ഞൂലിന്റെ മോനെ, അട്ടയ്ക്കുണ്ടായവനെ", പയ്യൻ ഗർജ്ജിച്ചു. "സ്വന്തം നാട് മലിനമാക്കുന്നോടാ?"

ആരും കേട്ടില്ല. കടലാസ്സ് തുറന്ന് നോക്കി. ആദ്യം പിടികിട്ടിയില്ല. രണ്ടാമത് നോക്കിയപ്പോൾ രണ്ട് നന്ദി, ഒരു മിത-അശലീല ആംഗ്യ ഫലിത പിജി-12 കവിത, ഒരു മുന്നറിയിപ്പ്, പിന്നെ ഒരു കടങ്കഥ. അന്നുതന്നെ കടങ്കഥയുടെ ഉത്തരം പത്രത്തിൽ പരസ്യമായി കൊടുത്തു. മറുപടി,'പ്രേമിക്കാനാഗ്രഹിക്കുന്നു' എന്ന തലകെട്ടിൽ അതേ ആഴ്ച്ച പത്രത്തിൽ പരസ്യം വന്നു, കൂടെ ഒരു പുതിയ കടങ്കഥയും. അതിന്റെ ഉത്തരം അവളുടെ നമ്പർ ആയിരുന്നു. അന്ന് തന്നെ ആ നമ്പറിൽ വിളിച്ചു. സംഗതി ഞാൻ രണ്ടര ശ്വാസത്തിൽ പറഞ്ഞു. അവൾ നിശബ്ദത സമ്മാനിച്ചു. തുടർന്ന് ഞാൻ ചോദിച്ച ചോദ്യത്തിന് ഒറ്റവാക്കിൽ മറുപടി. 'ഉവ്വ്'

ആ ഓർമ്മ പക്ഷെ ഈ അവസ്ഥയിൽ സുഖകരമായി തോന്നിയില്ല. ഒരേ ഇരുപ്പ് തന്നെ. വിരഹം, സങ്കർഷം, എല്ലാം തത്സമയം. വിഷമിക്കാൻ അസംഖ്യം കാരണങ്ങൾ ഇതിനുമുൻപ് ലഭിച്ചിട്ടുണ്ട്, പക്ഷെ ഇത്…കഠിനം. വെള്ളിവര തേടി മനസ്സ് വീണ്ടും വ്യാകുലപെട്ടു. ഇന്നത്തെ അവളുടെ മറുപടി 'ഇല്ല' എന്നായിരുന്നു. അവളെ ഓർത്തപ്പോൾ മുത്തശ്ശി മനസ്സിലേക്ക് വന്നു. രണ്ട് പേർക്കും ഒരേ സ്വഭാവമാണ്. ഈ സമയത്ത് ഓർക്കാതിരിക്കുന്നതെങ്ങനെയാണ്? മുത്തശ്ശിയല്ലേ… പെട്ടെന്ന് മുത്തശ്ശിയുടെ സ്ഥിരം വാചകം ഓർമ്മ വന്നു. കുന്തം പോയാൽ കുടത്തിലും തപ്പണം. ചാടി എണീറ്റു. കിട്ടി. കട്ടിലൊന്ന് നീക്കി എത്തിനോക്കി. അതാ അവിടെ കിടന്ന് തിളങ്ങുന്നു. പരന്ന് കിടന്ന് നീണ്ടുവലിഞ്ഞു കയ്യിട്ടെടുത്തു. കുട്ടിക്കാലം മുതൽ കൂടെയുണ്ടായിരുന്ന വെള്ളിയരഞ്ഞാണം! ആദ്യവട്ടം സ്കൂളിൽ നിന്ന് സസ്‌പെൻഡ് ആയതിന് മുത്തശ്ശി സമ്മാനിച്ചതാണീയരഞ്ഞാണം. അതിന്റെ കുടുക്ക് പൊട്ടിയിരിക്കുന്നു. ഇന്ന് തന്നെ മാറ്റണം. ഒന്നും നാളത്തേക്ക് മാറ്റരുത് എന്നാണല്ലോ. എന്തായാലും സാധനം കിട്ടിയല്ലോ.

ഓം ശാന്തി ശാന്തി ശാന്തി ഹി.